Monday, October 22, 2012

''പൊട്ടിപ്പിരായി''


ചെറുപ്പകാലത്ത് കേട്ട കഥയാണ്. എല്‍പി ക്ലാസുകളില്‍ പഠിക്കുന്ന കാലം. വൈകുന്നേരമായാല്‍ വല്ല്യുമ്മ നമസ്‌കാരമൊക്കെ കഴിഞ്ഞ് ഒരു മാലയും കയ്യില്‍ പിടിച്ച് പായയില്‍ അങ്ങിനെ ഇരിക്കും. വല്ല്യുപ്പ ഉമ്മറത്ത് ചാരുകസേരയിലും. രണ്ട് പേരും കഥകളുടെ കലവറയാണ്. പേടിപ്പിക്കുന്ന കഥകളും രസകരമായകഥകളും അവരുടെ ചെറുപ്പകാലത്തെ വീരകഥകളും പറയാറുണ്ടവര്‍.
അന്ന് എന്റെ അമ്മായിയുടെ മകനും വന്നിരുന്നു. ഇന്നത്തെ പോലെ ''നീ ഹോം വര്ക്ക് ചൈതോ? നിനക്കു പഠിക്കാനില്ലെ ?'' ഇത്ത്യാതി ചോദ്യങ്ങളൊന്നുമില്ല. ഒറ്റചോദ്യം മാത്രം നീ ഓതിയോ? അതില്ലാതാക്കാന്‍ ഉറക്കെ ഖുര്‍ആന്‍ പാരായണം ചൈതിട്ടാണ് ഉമ്മാമയുടെ അടുത്തെത്തിയത്.
''ഉമ്മച്ചി ഞങ്ങള്‍ക്കൊരു കഥ പറഞ്ഞു തരുമോ?''
കയ്യിലുള്ള മാല താഴെ വച്ച് വല്ലുമ്മ തുടങ്ങി.
''ഒരു കഥ മാത്രമെ പറഞ്ഞ് തരുള്ളു. പിന്നെ ചോദിക്കരുത്.''
''ഇല്ല ഒരു കഥമാത്രം പറഞ്ഞാമതി''
വല്ല്യുമ്മ കഥ തുടങ്ങി  
''ഇന്റെ കുട്ടിക്കാലത്ത് ഉമ്മാമ്മ പറഞ്ഞ കഥയാണ്. അന്ന് ഇതുമാതിരി ഓടിട്ട വീടൊന്നുമില്ല. മണ്ണ് ഉരുള കുത്തി ബെച്ച ചുമരും ഓല കൊണ്ട് മറച്ച ഒരു വീടായിരുന്നു അത്. രണ്ട് മുറിം ഒരു കുഞ്ഞി കോലായും അടുക്കളയും. ഇന്റെ വല്ലിമ്മിം വല്ല്യാപ്പിം എട്ട് മക്കളും അതിനുള്ളിലായിരുന്നു കയിഞ്ഞ് കുടീനിത്.  
തെക്കോര്‍ത്ത് വല്ല്യ ഒയിഞ്ഞ പറമ്പേനി അന്ന് കുറെ ദൂരെ മൊയ്തിനാജിന്റെ വാപ്പ പാര്‍ത്തിരുന്ന ഒരു പെരെ ആ ബാഗത്ത് ഉണ്ടായിരുന്നത്. പകലെന്നെ അവട്ക്ക് നോക്ക്യാ പേട്യാവും. അങ്ങന്‍തെ ഒരു സ്ഥലൈനി അത്.''
വീട്ടില്‍ എല്ലാവരും നിശബ്ദരായി. വല്ല്യുമ്മ കഥ പറയാന്‍ തുടങ്ങിയാല്‍ എല്ലാവരും പാത്തും പതുങ്ങിയും വാതിലിനരികിലൊക്കെ നില്‍ക്കും. വല്ല്യുമ്മ തുടര്‍ന്നു.
''ഒരീസം ഉപ്പാപ്പ വരാന്‍ നേരം വൈകി നല്ല ഇരുട്. മൊയ്തീനാജിന്റെ വാപ്പ ബീരാന്‍ കുട്ട്യാക്കയും മൂപ്പരും കൂടി എവടയോ പോയി ബരൈനി. ബീരാന്‍കുട്ട്യാക്കാന്റെ വീട്ടിന്ന് ഇങ്ങോട്ട് ഉപ്പാപ ഒറ്റക്കൊള്ളു.
തെക്കെ തോടിന്റെ നടൂലെത്തിയപ്പോ അതാ നില്‍ക്ക്ണ് ഒരു 'പൊട്ടിപ്പിരായി' ''
''പൊട്ടിപ്പിരായോ അതെന്താ?'' എനിക്കാവേശമായി.
''പൊട്ടിപിരായി ഈ തെങ്ങിന്റെ ബല്‍പ്പും കിണറിന്റെ വട്ടവും ഉള്ള ചൈത്താന്‍''. ഒന്ന് നിറുത്തി വല്ല്യുമ്മ തുടര്‍ന്നു.
''അതിന്റെ പല്ല്‌മ്മെ നര്‍ച്ച് രോമണ്ടൊലോ.....തൊള്ള തുരന്നാ ചോന്ന തീയും.....അത് തൊള്ള തൊര്‍ക്ക്ണത് കണ്ടാ പൊട്ടി ബന്ന് മരിച്ച് പോകും. അതാണ് പൊട്ടിപ്പിരായി.''
ഇതൊക്കെ കേട്ടപ്പോഴേക്ക് ഞങ്ങള്‍ക്ക് പേടിയായി. വല്ല്യുമ്മാന്റെ അടുത്തേക്കിരുന്നു.
''ഉപ്പാപ്പക്ക് എന്തൊക്കോ കഴിവുണ്ടായിരുന്നുനൊക്കെ പറയ്ണത്...ബയങ്കര ധൈര്യവും ഉള്ള ആളൈനി. പൊട്ടിപ്പിരായിനെം ഒടിയന്‍മാരെയും വരച്ച വരമ്മല് നിര്‍ത്ത്ണ അളാണ്, മൂപ്പര്‍ടെ കയ്യിലെപ്പളും ഒരു കത്തിണ്ടാവും. ആ കത്തി എടുത്ത് മണ്ണില് എന്തോ എയ്തി ഒര് ബട്ടും വരച്ച് അതിന്റെ നടൂലൊരു കുത്തങ്ങട്ട് കുത്തി.'' വല്ല്യുമ്മ നിറുത്തി.
''ഇന്നട്ട്. ങ്ങള് ബാക്കി പറീ?''ഞങ്ങള്‍ക്ക് ധൃതിയായി
'' പൊട്ടിപ്പിരായി നിന്നീനിയോട്ത്ത്ന്ന് ഒര് തീ മേപ്പട്ട്ങ്ങനെ പറന്ന്‌പോയി. അയിന്റെ ശേഷം ആരും കണ്ടിട്ടില്ല അതിനെ''
എനില്ലാവര്‍ക്കും സമാധാനമായി
''ഇഞ്ഞ് മതി എല്ലാരും പോയാണിവട്ന്ന്'' വല്ല്യുമ്മ ചിരിച്ച് കൊണ്ട് മാല കയ്യിലെടുത്തു.




3 comments:

  1. ഉപ്പാപ്പയുടെ അടുത്താ പൊട്ടിപ്പിരായിന്റെ കളി..!!
    മക്കള് പോയി കിടന്നുറങ്ങിക്കോളൂ എന്ന് പറഞ്ഞോ വല്ല്യുമ്മ?

    ReplyDelete
  2. ഉപ്പാപ്പ ആരാ മോന്‍.

    ReplyDelete
  3. ആഹാ...ഞമ്മലോടാ കളി ..
    ഞമ്മളാരാ മോന്‍ ..ഹിഹി
    രസകരം...വല്യുമ്മ കഥകള്‍ !
    ആശംസകള്‍
    അസ്രുസ്

    ReplyDelete

Apply for job