Monday, October 22, 2012

''പൊട്ടിപ്പിരായി''


ചെറുപ്പകാലത്ത് കേട്ട കഥയാണ്. എല്‍പി ക്ലാസുകളില്‍ പഠിക്കുന്ന കാലം. വൈകുന്നേരമായാല്‍ വല്ല്യുമ്മ നമസ്‌കാരമൊക്കെ കഴിഞ്ഞ് ഒരു മാലയും കയ്യില്‍ പിടിച്ച് പായയില്‍ അങ്ങിനെ ഇരിക്കും. വല്ല്യുപ്പ ഉമ്മറത്ത് ചാരുകസേരയിലും. രണ്ട് പേരും കഥകളുടെ കലവറയാണ്. പേടിപ്പിക്കുന്ന കഥകളും രസകരമായകഥകളും അവരുടെ ചെറുപ്പകാലത്തെ വീരകഥകളും പറയാറുണ്ടവര്‍.
അന്ന് എന്റെ അമ്മായിയുടെ മകനും വന്നിരുന്നു. ഇന്നത്തെ പോലെ ''നീ ഹോം വര്ക്ക് ചൈതോ? നിനക്കു പഠിക്കാനില്ലെ ?'' ഇത്ത്യാതി ചോദ്യങ്ങളൊന്നുമില്ല. ഒറ്റചോദ്യം മാത്രം നീ ഓതിയോ? അതില്ലാതാക്കാന്‍ ഉറക്കെ ഖുര്‍ആന്‍ പാരായണം ചൈതിട്ടാണ് ഉമ്മാമയുടെ അടുത്തെത്തിയത്.
''ഉമ്മച്ചി ഞങ്ങള്‍ക്കൊരു കഥ പറഞ്ഞു തരുമോ?''
കയ്യിലുള്ള മാല താഴെ വച്ച് വല്ലുമ്മ തുടങ്ങി.
''ഒരു കഥ മാത്രമെ പറഞ്ഞ് തരുള്ളു. പിന്നെ ചോദിക്കരുത്.''
''ഇല്ല ഒരു കഥമാത്രം പറഞ്ഞാമതി''
വല്ല്യുമ്മ കഥ തുടങ്ങി  
''ഇന്റെ കുട്ടിക്കാലത്ത് ഉമ്മാമ്മ പറഞ്ഞ കഥയാണ്. അന്ന് ഇതുമാതിരി ഓടിട്ട വീടൊന്നുമില്ല. മണ്ണ് ഉരുള കുത്തി ബെച്ച ചുമരും ഓല കൊണ്ട് മറച്ച ഒരു വീടായിരുന്നു അത്. രണ്ട് മുറിം ഒരു കുഞ്ഞി കോലായും അടുക്കളയും. ഇന്റെ വല്ലിമ്മിം വല്ല്യാപ്പിം എട്ട് മക്കളും അതിനുള്ളിലായിരുന്നു കയിഞ്ഞ് കുടീനിത്.  
തെക്കോര്‍ത്ത് വല്ല്യ ഒയിഞ്ഞ പറമ്പേനി അന്ന് കുറെ ദൂരെ മൊയ്തിനാജിന്റെ വാപ്പ പാര്‍ത്തിരുന്ന ഒരു പെരെ ആ ബാഗത്ത് ഉണ്ടായിരുന്നത്. പകലെന്നെ അവട്ക്ക് നോക്ക്യാ പേട്യാവും. അങ്ങന്‍തെ ഒരു സ്ഥലൈനി അത്.''
വീട്ടില്‍ എല്ലാവരും നിശബ്ദരായി. വല്ല്യുമ്മ കഥ പറയാന്‍ തുടങ്ങിയാല്‍ എല്ലാവരും പാത്തും പതുങ്ങിയും വാതിലിനരികിലൊക്കെ നില്‍ക്കും. വല്ല്യുമ്മ തുടര്‍ന്നു.
''ഒരീസം ഉപ്പാപ്പ വരാന്‍ നേരം വൈകി നല്ല ഇരുട്. മൊയ്തീനാജിന്റെ വാപ്പ ബീരാന്‍ കുട്ട്യാക്കയും മൂപ്പരും കൂടി എവടയോ പോയി ബരൈനി. ബീരാന്‍കുട്ട്യാക്കാന്റെ വീട്ടിന്ന് ഇങ്ങോട്ട് ഉപ്പാപ ഒറ്റക്കൊള്ളു.
തെക്കെ തോടിന്റെ നടൂലെത്തിയപ്പോ അതാ നില്‍ക്ക്ണ് ഒരു 'പൊട്ടിപ്പിരായി' ''
''പൊട്ടിപ്പിരായോ അതെന്താ?'' എനിക്കാവേശമായി.
''പൊട്ടിപിരായി ഈ തെങ്ങിന്റെ ബല്‍പ്പും കിണറിന്റെ വട്ടവും ഉള്ള ചൈത്താന്‍''. ഒന്ന് നിറുത്തി വല്ല്യുമ്മ തുടര്‍ന്നു.
''അതിന്റെ പല്ല്‌മ്മെ നര്‍ച്ച് രോമണ്ടൊലോ.....തൊള്ള തുരന്നാ ചോന്ന തീയും.....അത് തൊള്ള തൊര്‍ക്ക്ണത് കണ്ടാ പൊട്ടി ബന്ന് മരിച്ച് പോകും. അതാണ് പൊട്ടിപ്പിരായി.''
ഇതൊക്കെ കേട്ടപ്പോഴേക്ക് ഞങ്ങള്‍ക്ക് പേടിയായി. വല്ല്യുമ്മാന്റെ അടുത്തേക്കിരുന്നു.
''ഉപ്പാപ്പക്ക് എന്തൊക്കോ കഴിവുണ്ടായിരുന്നുനൊക്കെ പറയ്ണത്...ബയങ്കര ധൈര്യവും ഉള്ള ആളൈനി. പൊട്ടിപ്പിരായിനെം ഒടിയന്‍മാരെയും വരച്ച വരമ്മല് നിര്‍ത്ത്ണ അളാണ്, മൂപ്പര്‍ടെ കയ്യിലെപ്പളും ഒരു കത്തിണ്ടാവും. ആ കത്തി എടുത്ത് മണ്ണില് എന്തോ എയ്തി ഒര് ബട്ടും വരച്ച് അതിന്റെ നടൂലൊരു കുത്തങ്ങട്ട് കുത്തി.'' വല്ല്യുമ്മ നിറുത്തി.
''ഇന്നട്ട്. ങ്ങള് ബാക്കി പറീ?''ഞങ്ങള്‍ക്ക് ധൃതിയായി
'' പൊട്ടിപ്പിരായി നിന്നീനിയോട്ത്ത്ന്ന് ഒര് തീ മേപ്പട്ട്ങ്ങനെ പറന്ന്‌പോയി. അയിന്റെ ശേഷം ആരും കണ്ടിട്ടില്ല അതിനെ''
എനില്ലാവര്‍ക്കും സമാധാനമായി
''ഇഞ്ഞ് മതി എല്ലാരും പോയാണിവട്ന്ന്'' വല്ല്യുമ്മ ചിരിച്ച് കൊണ്ട് മാല കയ്യിലെടുത്തു.




Saturday, October 13, 2012

''കുന്താപ്പിയും ഗുലാപ്പിയും''

     അവറുട്ടിക്കയും നാണുവായരുടെയും നല്ല സുഹൃത്തുക്കളാണ്. രണ്ടു പേരുടെയും കൃഷിസ്ഥലം അടുത്താണ്. അവിടെയാണ് നമ്മുടെ മിന്നുകുട്ടിയുടെ വീട്. നല്ല മിടുക്കിയായ അവള്‍ നെഴ്‌സറിയില്‍ പഠിക്കുന്നു. 
എല്ലാദിവസ്സവും അമ്മ വന്ന് വിളിച്ചാല്‍ മാത്രം എഴുന്നേറ്റിരുന്ന അവള്‍ നെഴ്‌സറി ലീവായതിനാല്‍ നേരത്തെ ഉണര്‍ന്നു. കണ്ണും തിരുമ്മി പുറത്തേക്ക് നോക്കിയപ്പോള്‍ വയലില്‍ ആരോ  നില്‍ക്കുന്നു. അവള്‍ ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ഒരു കുന്തത്തില്‍ ഒരു മനുഷ്യരൂപം. മിന്നുവിനു പേടിതോന്നി.
          ''അതെന്താ അമ്മേ '' മിന്നുകുട്ടി അമ്മയോട് ചോദിച്ചു.
          ''അത് നെല്ലിനു കണ്ണു തട്ടാതിരിക്കാന്‍ ആ നാണുവായര് കൊണ്ടുവന്നു വെച്ചതാണ്'' 
വീടിനു മുന്നില്‍ വിശാലമായ വയലും പിറകുവഷം തോടുമായതിനാല്‍ മിന്നുവിനു കളിക്കൂട്ടുകാരാരും തന്നെ ഇല്ലായിരുന്നു. ഒഴിവു ദിവസങ്ങളില്‍ അമ്മ തന്നെ ശരണം. കുറച്ചൊക്കെ മിന്നുവിനോട് മിണ്ടിയും പറഞ്ഞുമൊക്കെ നില്‍ക്കും. പിന്നതുപറ്റുമോ കൂലിപ്പണിക്കുപോവുന്ന മിന്നുവിന്റെ അച്ചന്‍ വരുംമ്പോഴേക്ക് ഭക്ഷണം റെഡിയാക്കണ്ടെ ? അലക്കണം മുറ്റമടിക്കണം അങ്ങിനെ എന്തെല്ലാം വേലകള്‍. 
ആദ്യംമവള്‍ക്ക് പേടിതോന്നിയെങ്കിലും പിന്നീട് മീനുവിന് കൗതുകമായി തോന്നി. ഈ സമയത്താണ് ജോലിക്കാരെയും കൂട്ടി നാണു നായര്‍  ആ വഴി വന്നത്. നാണു നായര്‍ക്ക് കുട്ടികളെ വലിയ ഇഷ്ടമാണ്. മക്കളും പേരക്കിടാങ്ങളും എല്ലാമുണ്ടെങ്കിലും അവരൊക്കെ വിദേശത്താണ്. കൃഷിയിടത്തിലേക്ക് വരുമ്പോ മിന്നുകുട്ടിയുമായി തമാശ പറഞ്ഞു രസിക്കാറുണ്ടായിരുന്നു. മിന്നുവിന്  അദ്ധേഹത്തെ വളരെ ഇഷ്ട്ടമായിരുന്നു. 
          ''എന്താ മിന്നുകുട്ടീ''
  സ്‌നേഹം തുളുമ്പുന്ന ആ വിളി കേട്ടപ്പോള്‍ മിന്നു കുട്ടി ഓടി ചെന്നു. കോലത്തെ ചൂണ്ടികാണിച്ച് മിന്നുകുട്ടി കാര്യം തിരക്കി,
          ''അതെന്താ?''
          ''മിന്നുക്കുട്ടി ഒറ്റക്കല്ലെ, നിനക്കു കളിക്കാനൊരു കൂട്ടുകാരനെ കൊണ്ടു വന്നതാണ്'' 
           ''കൂട്ടുകാരനോ?! അവന്റെ പേരെന്താ?''
മിന്നുവിന് സന്തോഷത്തോടെ ചോദിച്ചു.
നായരു കുടുങ്ങി. പിന്നെ കുറച്ച് ആലോചിച്ചിട്ടു പറഞ്ഞു
          ''കുന്താപ്പി''
          ''കുന്താപ്പിയോ, നല്ല പേരുതന്നെ''          
  അവള്‍ക്ക് നല്ല സന്തോഷമായി, അവളുടെ കളികൂട്ടുകാരനാക്കി കൂട്ടി കുന്താപ്പിയെ. പിന്നെ ഭക്ഷണവും കളിയും എല്ലാം കുന്താപ്പിയോടൊപ്പം. നേഴ്‌സറിയിലെ കഥ പറഞ്ഞും പാട്ടുപാടിയും ൈവകുന്നേരമായതറിഞ്ഞില്ല. മിന്നുവിന്റെ അമ്മക്കും ഒരുപാടാശ്വാസമായിരുന്നു. കുന്താപ്പിയെ അവര്‍ക്കും  ഇഷ്ട്ടമായി. കുന്താപ്പിക്കൊരു റ്റാറ്റയും കൊടുത്തു മിന്നു വീട്ടിലേക്ക് മടങ്ങി.
നേരം ഇരുട്ടി തുടങ്ങി. മിന്നു ജനവാതിലിലൂടെ നോക്കിയപ്പോള്‍ കുന്താപ്പി നിലാവില്‍ കുളിച്ചുനില്‍ക്കുന്നു. മിന്നാമിന്നികള്‍ കുന്താപ്പിയുടെ ചുറ്റും പാറി നടക്കുന്നു. മിന്നുവിന്റെ മനസ്സില്‍ പല ചോദ്യങ്ങള്‍ അവളമ്മയുടെ അടുത്തെത്തി
          ''അമ്മേ കുന്താപ്പിക്ക് പേടിയാവില്ലെ?''
          ''കുന്താപ്പിക്ക് പേടിയോ? പേടിയുണ്ടെങ്കില്‍ അവനെപ്പോഴോ വീട്ടില്‍ പോവൂലെ? അവനീ വയലിന് കാവല്‍ നില്‍ക്കുകയെല്ലേ. അവനു ഭയങ്കര ധൈര്യമാ...'' 
     ഒരു വിദം അമ്മ പറഞ്ഞൊപ്പിച്ചു.ഉറക്കത്തിലേക്ക് വീഴുമ്പോഴും മിന്നുവിന്റെ മനസ്സ് നിറയെ കുന്താപ്പിയായിരുന്നു.

          ''മിന്നുക്കുട്ടീ''
വീടിന്റെ പുറത്തുനിന്നൊരു വിളി. മിന്നുകുട്ടി ഞെട്ടി എണീറ്റു ജാലക വാതിലൂടെ നോക്കിയപ്പോള്‍ കുന്താപ്പി വന്നു മുറ്റത്ത് നില്‍ക്കുന്നു.
          ''എന്താ കുന്താപ്പി നിനക്ക് പേടിയാവുന്നുണ്ടോ?''
          ''ഹ...ഹ...ഹ... എനിക്കു പേടിയോ, ഞാനാരെ പ്പേടിക്കാന്‍.... വാ നമുക്കു കളിക്കാം'' അവര്‍ സ്വപ്ന ലോകത്ത് കഥകളും പാട്ടുമായി പാറി പ്പറന്നു നടന്നു.
          ''മിന്നൂ എണീറ്റേ നേരമെത്രയായി''
    മിന്നു കണ്ണ് തിരുമ്മി എണീറ്റു. ഞായറാഴ്ച്ചയായതിനാല്‍ മിന്നുവിന്റെ അച്ചനുമുണ്ടായിരുന്നു അന്ന്. കുന്താപ്പിയുമായി കളിച്ചതും തലേന്നു കണ്ട സ്വപ്നവുമെല്ലാം മിന്നു അച്ചനോടു പറഞ്ഞു. അച്ചനെയും കൂട്ടി കുന്താപ്പിയുടെ അടുത്തെത്തി.
          ''ഈ പെണ്ണിനെ കൊണ്ട് തോററല്ലോ. മിന്നൂ ഇവിടെ വന്നി ചായ കുടിച്ചെ...'' 
          ''അമ്മ വിളിക്കുന്നത് കേട്ടോ വാ നമ്മുക്ക് ചായകുടിക്കാം'' അച്ചന്‍ മിന്നുവിനേയും കൂട്ടി ചായകുടിക്കാന്‍ പോയി.
          ''അച്ചാ കുന്താപ്പിക്കു വിശക്കില്ലെ'' മിന്നുവിന്റെ അടുത്ത ചോദ്യം.
          ''അവനുവേണ്ടതെല്ലാം രാത്രി വയലില്‍ നിന്ന് കഴിച്ചോളും'' 
അച്ചന്‍ മെല്ലെ തടിയൂരി.
     അന്ന് വൈകുന്നേരമായപ്പോള്‍ മിന്നുവിനു സങ്കടമായി, 
          ''നാളെ മിന്നു നെഴ്‌സറിയില്‍ പോയാല്‍ ആരാ നിന്റെ കുടെ കളിക്കാനുണ്ടാവുക. നാളെ മുതല്‍ നീ ഒറ്റക്കാവില്ലെ. നീ ഇനി എന്തു ചെയ്യും.'' 
കുന്താപ്പി ചിരിച്ചങ്ങനെ നിന്നതെ ഉള്ളു. വിഷമത്തോടെ വിട്ടിലേക്ക് വരുമ്പോള്‍ അതാ വരുന്നു നാണു നായരും അവറു കുട്ടിക്കയും.
          ''എന്തു പറ്റി മിന്നുകുട്ടി അന്റെ മുഖം വല്ലാതിരിക്കുന്നു '' അവറുട്ടിക്ക ചോദിച്ചു. മിന്നു കാര്യം പറഞ്ഞു.
          ''ഹ. ഹ. ഹ. ഇതാണോ ഇപ്പൊ അന്റെ കാര്യം. ഇജ് ബേജാറാവണ്ട ഞമ്മക്ക് ബയ്യിണ്ടാക്കാന്ന്. നാളെ നേരം ബെളുക്കുമ്പം അന്റെ കുന്താപ്പിക്കൊര് ഗുലാപ്പിനെ ഞമ്മള് തരൂം എന്താ പോരെ ഹ ഹ ഹ''
          കുട വയറും കുലുക്കി ചിറിച്ചു കൊണ്ട് അവറുട്ടിക്ക പറഞ്ഞു. 
''കുന്താപ്പിയും ഗുലാപ്പിയും ഹ ഹ ഹ'' നാണു നായരും ചിരിച്ചു. മിന്നുവിനും സന്തോശമായി.  

Apply for job